കൊച്ചി: അഭിമന്യു വധക്കേസില് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് വിചാരണ ആരംഭിച്ചു. 16 പ്രതികളും ഒരുപോലെ വസ്ത്രം ധരിച്ച് മാസ്ക് വച്ചാണ് എത്തിയത്. മാസ്ക് വച്ച് പ്രതിക്കൂട്ടില് കയറിയ പ്രതികളെ കോടതി വിമര്ശിച്ചു. മാസ്ക് അഴിപ്പിച്ച ശേഷം ഇനി ഇങ്ങനെ വന്നാല് കര്ശന നടപടി എടുക്കുമെന്ന മുന്നറിയിപ്പും നല്കി.
പ്രത്യേകം തിരിച്ചറിയാന് കഴിയാത്ത വിധത്തില് മുടി പോലും ഒുരപോലെ വെട്ടിയാണ് 16 പ്രതികളും കോടതിയില് ഹാജരായത്. വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷര്ട്ട്, കറുത്ത ഷൂസ് എന്നിവ ധരിച്ചാണ് പ്രതികള് എത്തിയത്. ജഡ്ജ് ആവശ്യപ്പെട്ടത് അനുസരിച്ച് പ്രതികള് മാസ്ക് അഴിച്ചുമാറ്റുകയായിരുന്നു.
അഭിമന്യു വധക്കേസില് എട്ടു വര്ഷത്തിന് ശേഷമാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. ഒന്നാം സാക്ഷിയെയാണ് വിസ്തരിച്ചത്. കേസില് വിചാരണ നിര്ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. രഹസ്യവിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്ജി എറണാകുളം പ്രിന്സിപ്പല് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
കേസില് മൂന്നു മുതല് അഞ്ചു വരെയുള്ള സാക്ഷികളെ 16നും ആറു മുതല് എട്ടു വരെ സാക്ഷികളെ 17നും വിസ്തരിക്കും. ബാക്കിയുള്ള സാക്ഷികളെ നവംബര് 12നുള്ളിലും വിസ്തരിക്കും. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളില് വച്ച് അഭിമന്യു കൊല്ലപ്പെട്ടത്.